വിട്ടുമാറാത്ത നടുവേദനയ്ക്കു പരിഹാരം ദൈനംദിന ശീലങ്ങളിൽ തന്നെയുണ്ട്. നടുവേദനയുടെ പ്രധാന കാരണം പെട്ടെന്നുണ്ടാകുന്ന പരിക്കുകളല്ല, മറിച്ച് നട്ടെല്ലിന് അമിത സമ്മർദം നൽകുന്ന നമ്മുടെ ചെറിയ തെറ്റായ ശീലങ്ങളാണെന്ന് ആരോഗ്യവിദഗ്ധർ.
നട്ടെല്ലിന്റെ ആരോഗ്യം സംരക്ഷിക്കാൻ ദിവസവും പിന്തുടരേണ്ട അഞ്ച് ശീലങ്ങളെക്കുറിച്ച് ആരോഗ്യവിദഗ്ധർ പറയുന്നു.
മൊബൈൽ, കംപ്യൂട്ടർ ഉപയോഗിക്കുമ്പോൾ
മൊബൈൽ, കംപ്യൂട്ടർ എന്നിവ ഉപയോഗിക്കുമ്പോൾ സ്ക്രീൻ എപ്പോഴും കണ്ണിന്റെ നേരെ വരുന്നത് നട്ടെല്ലിനു ഗുണകരമാണ്. താഴ്ത്തി ഉപയോഗിക്കുന്നതു തല മുന്നോട്ട് കുനിയാനും നട്ടെല്ലിന്റെ താഴത്തെ ഭാഗത്ത് അമിത സമ്മർദമുണ്ടാകാനും കാരണമാകും.
സ്ക്രീൻ നേരെ വയ്ക്കുന്നതിലൂടെ പേശികൾക്ക് ആയാസം കുറയുകയും ചെയ്യും.
ഭാരം ഉയർത്തുമ്പോൾ
ഭാരമുള്ള വസ്തുക്കൾ ഉയർത്തുമ്പോൾ അരക്കെട്ട് വളയ്ക്കാതെ മുട്ടുകളും ഇടുപ്പും ഉപയോഗിക്കാൻ ശ്രദ്ധിക്കണം.
ഇടുപ്പ് വളച്ച് ഭാരം ഉയർത്തുന്നതു വഴി സമ്മർദം കാലുകളിലെയും നിതംബത്തിലെയും വലിയ പേശികളിലേക്കു മാറുകയും നട്ടെല്ലിലെ ഡിസ്കുകൾക്ക് ആഘാതം കുറയ്ക്കുകയും ചെയ്യും.
നടക്കണം ഇടവേളകളിൽ
ഓഫീസിലും മറ്റും തുടർച്ചയായി ഇരുന്നു ജോലി ചെയ്യുന്നവർ ഇടയ്ക്ക് എഴുന്നേറ്റു നടക്കുന്നത് ശീലമാക്കണം. ദീർഘനേരം ഒരേ ഇരിപ്പിരിക്കുന്നത് രക്തയോട്ടം കുറയ്ക്കാനും പേശികൾക്ക് ക്ഷീണം അനുഭവപ്പെടാനും ഇടയാക്കും.
ചെറിയ നടത്തമോ സ്ട്രെച്ചിംഗോ രക്തയോട്ടം വർധിപ്പിക്കുകയും പേശികളുടെ മുറുക്കം കുറയ്ക്കുകയും ചെയ്യും.
ഉറക്കം നല്ല മെത്തയിൽ
ഉറങ്ങുമ്പോൾ ഉപയോഗിക്കുന്ന മെത്തയുടെ കാര്യത്തിലും ശ്രദ്ധ വേണം. മോശം അവസ്ഥയിലുള്ള മെത്ത രാത്രിയിൽ നട്ടെല്ലിന്റെ സ്വാഭാവികമായ ആകൃതി നഷ്ടപ്പെടുത്താൻ കാരണമാകും.
നട്ടെല്ലിന് കൃത്യമായ സപ്പോർട്ട് നൽകുന്ന മെത്ത ഉപയോഗിക്കുന്നതിലൂടെ രാവിലെ അനുഭവപ്പെടുന്ന നടുവേദനയും ശരീരവേദനയും ഒഴിവാക്കാം.
ബലപ്പെടുത്തണം പേശികൾ
നട്ടെല്ലിനു സ്ഥിരത നൽകുന്നത് വയറിലെയും നടുവിലെയും പേശികളാണ്. വ്യായാമം ചെയ്ത് പേശികളെ ബലപ്പെടുത്തണം.
പേശികൾക്കു കരുത്തുണ്ടാകുന്നത് ഡിസ്കുകൾക്കും ലിഗമെന്റുകൾക്കുമുള്ള സമ്മർദം കുറയ്ക്കും.